പരമാണുക്കൾ കൊണ്ട് സൃഷ്ടിക്കപ്പെട്ട നാം, അവകൊണ്ടുതന്നെ രൂപം നൽകപ്പെട്ട വായു ശ്വസിക്കുന്നു. ഭക്ഷണം കഴിക്കുന്നു. വെള്ളം കുടിക്കുന്നു. ചുറ്റുവട്ടത്ത് നാം കാണുന്ന വസ്തുക്കൾ നമ്മുടെ കണ്ണുകളിലെ പരമാണുക്കളിലെ ഇലക്ട്രോണുകളുമായി കൂട്ടിമുട്ടുന്ന ഫോട്ടോണുകളല്ലാതെ മറ്റൊന്നുമല്ല.
നാം തൊട്ടറിയുന്ന പദാർഥങ്ങളുടെ കാര്യമെടുക്കാം. ചിലത് കടുപ്പംകൂടിയതും മറ്റുചിലത് മൃദുലവുമാണ്. മറ്റു ചിലതാകട്ടെ, ഉരമുള്ളതും ചിലത് മിനുസമാർന്നതുമാണ്. ചിലതിന് ചൂടുണ്ട്. ചിലതിന് തണുപ്പുണ്ട്. നമ്മുടെ ചർമത്തിൽ സ്ഥിതിചെയ്യുന്ന പരമാണുക്കളും വസ്തുക്കളിലെ പരമാണുക്കളുമായുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലമായാണ് നമുക്കവ പ്രകടമാവുന്നത്.
നമുക്കറിയാം നമ്മുടെ ശരീരം, നാം നിവസിക്കുന്ന ഭൂമി, ഗാലക്സികൾ, ചുരുക്കത്തിൽ പ്രപഞ്ചം മുഴുവൻ കോടിക്കോടി പരമാണുക്കൾ കൊണ്ട് നിർമിച്ചതാണെന്ന്. പദാർഥങ്ങൾക്ക് രൂപം കൊടുക്കുന്ന പരമാണുക്കളുടെ ആന്തരികഘടനയെക്കുറിച്ച് നമുക്ക് അധികമൊന്നുമറിഞ്ഞുകൂടാ. അസംഖ്യം പരമാണുക്കളുടെ കുറ്റമറ്റ സങ്കലനം നമ്മുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ സംവിധാനം അത്യന്തം സമുജ്ജ്വലമാണ്. ഇരിക്കാനുപയോഗിക്കുന്ന കസേരയിലെ ട്രില്യൻ കണക്കിൽ പരമാണുക്കളുടെ സംവിധാനവും അവയുടെ സങ്കീർണതയും വിവരിക്കണമെങ്കിൽ ഒട്ടനേകം ഗ്രന്ഥങ്ങൾ തന്നെ ചമയ്ക്കേണ്ടിവന്നേക്കാം. സാധാരണഗതിയിൽ ഒരു ബാഹ്യസമ്മർദവുമില്ലെങ്കിൽ ഈ സംവിധാനം ഒരു കോട്ടവും കൂടാതെ നിലനിൽക്കും.
പരമാണുവിൽ ഒരണുകേന്ദ്രവും ഇലക്ട്രോണുകളുമുണ്ട്. ഇലക്ട്രോണുകൾ അണുകേന്ദ്രത്തെ വലംവയ്ക്കുന്നു. ഇലക്ട്രോണുകൾ സാങ്കല്പിക അച്ചുതണ്ടിൽ കറങ്ങുകയും അണുകേന്ദ്രത്തിന് ചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നത് പോലെയും സൂര്യനെ പ്രദക്ഷിണം വയ്ക്കുന്നതുപോലെയും. ഗ്രഹങ്ങളെപ്പോലെ നിശ്ചിത പഥത്തിലൂടെ വളരെ കൃത്യമാർന്ന നിലയ്ക്കാത്ത ചലനം.
ഡസൻ കണക്കിൽ ഇലക്ട്രോണുകൾ ചുരുങ്ങിയ സ്ഥലത്ത് കറങ്ങുന്നതും പ്രദക്ഷിണം വയ്ക്കുന്നതും ഏറ്റവും ശകതികൂടിയ സൂക്ഷ്മദർശിനികൾ ഉപയോഗിച്ചാലും നമുക്ക് ഗോചാരമല്ല. റോഡിലെ വാഹനപ്പെരുപ്പത്തെ ഇലക്ട്രോണുകളുടെ സഞ്ചാരത്തോടുപമിക്കാവുന്നതാണ്. ഉപഗ്രഹങ്ങളെപ്പോലെ ഇവ ഒരിക്കലും കൂട്ടിമുട്ടുന്നില്ല. ഏറ്റവും സൂക്ഷ്മമായ അത്യാഹിതം പോലും വ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കും. ഇലക്ട്രോണുകൾ അണുകേന്ദ്രത്തിനു ചുറ്റും സെക്കന്റിൽ 1000 കി.മീ വേഗത്തിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അപാരവേഗതയിൽ സഞ്ചരിക്കുന്ന ഈ ഇലക്ട്രോണുകൾ ഓരോന്നും നിശ്ചിതപഥത്തിൽ നിന്നും തെന്നിമാറിപ്പോവാതിരിക്കുന്നത് അത്യധികം അത്ഭുതമുളവാക്കുന്നു. തുല്യതയില്ലാത്ത ഈ സംവിധാനം അല്ലാഹുവിന്റെ സൃഷ്ടിമഹാത്മ്യത്തെ നമുക്ക് വെളിവാക്കിത്തരുന്നു, വിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്നത് കാണുക:
" പർവതങ്ങളെ നീ കാണുമ്പോൾ അവ ഉറച്ചുനിൽക്കുന്നതാണെന്ന് നീ ധരിച്ചുപോകും. എന്നാലവ മേഘങ്ങൾ ചലിക്കുന്നതുപോലെ ചലിക്കുന്നതാണ്. എല്ലാ കാര്യവും കുറ്റമറ്റതാക്കിതീർത്ത അല്ലാഹുവിന്റെ പ്രവർത്തനമത്രെ അത്. തീർച്ചയായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു." (27:88)
സൂക്തത്തിലെ അത്ഖന എന്നതിന്റെ അർഥം കുറ്റമറ്റതാക്കിതീർത്തു എന്നാകുന്നു. മെച്ചപ്പെട്ട ഫലം കാംക്ഷിച്ച് വസ്തുക്കളെ ക്രമീകരിക്കുക എന്നർഥം. പ്രപഞ്ചത്തിലേക്ക് ഒന്നു കണ്ണോടിച്ചുനോക്കുക: പദാർഥധിഷ്ഠിതമായ എല്ലാ കാലക്രമേണ നശിച്ചുപോവുന്നതായി നാം കാണുന്നു. തേയ്മാനം വരാം, ദ്രവിക്കാം, ബലഹീനമായി പ്രവർത്തനം നിലച്ചുപോയേക്കാം എന്നാൽ പരമാണുക്കൾ ഇതിന്നപവാദമാണ്. സൂക്തം വിരൽചൂണ്ടുന്നതുപോലെ പരമാണുക്കളെയും കുറ്റമറ്റതായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു.
ധനവൈദ്യുത ശക്തിയുള്ള പ്രോട്ടോനുകളാലും ശക്തിയില്ലാത്ത ന്യൂട്രോണുകളാലും നിർമിക്കപ്പെട്ടതാണ് അണുകേന്ദ്രം. അണുകേന്ദ്രത്തിലുൾക്കൊള്ളുന്ന ഇവ്യെ ബന്ധിപ്പിച്ചു നിർത്തുന്ന ശക്തിയേതാണ്? ഭൗതിക ശാസ്ത്രം വിവരിച്ചുതരുന്ന ഏറ്റവും ശക്തിമത്തായ ബലം; അണുകേന്ദ്രബലം. ഈ ബലം കൂടിയാൽ പ്രോട്ടോണും ന്യൂട്രോണും ഒന്നായിത്തീരും. കുറവായാൽ അണുക്കൾ ശിഥിലമായിപ്പോവുകയും ചെയ്യും.
ആകർഷണബലത്തെ തുറന്നുവിട്ടാൽ പരമാണു തകർന്ന് ഭയാനകമായ ഊർജം പുറത്തുവരും. പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും എണ്ണക്കൂടുതലനുസരിച്ച് അണുകേന്ദ്രത്തിന്റെ വലുപ്പവും കൂടുന്നു. ഇവയെ അടുപ്പിച്ചുനിർത്തുന്ന ബലവുംകൂടുന്നു. അണുകേന്ദ്രത്തിൽ നിന്ന് ഈ ബലം സ്വന്തമാക്കാൻ വളരെ പ്രയാസമുണ്ട്. ഇവ അന്യോന്യം അകന്നാൽ ഒരു സ്പ്രിംഗ് മാതിരി അപാരശക്തിയോടെ വീണ്ടും അടുക്കാൻ ശ്രമിക്കുന്നു. ഈ ശക്തി ഗുരുത്വാകർഷണ ബലത്തിന്റെ 1038 മടങ്ങാണ്. നൂറു ബില്യൻ ബില്യൻ ബില്യൻ കൂടുതൽ. ഈ ഊർജം സാധാരണഗതിയിൽ അപകടകാരിയല്ല. മറിച്ച് ബാഹ്യസമ്മർദമുണ്ടെങ്കിൽ ദശലക്ഷക്കണക്കിൽ മനുഷ്യരെ സംഹരിക്കാൻ മാത്രം പോന്നതാണ്.
ഈ ഊർജം രണ്ടുവിധത്തിലാണ് സ്വതന്ത്രമാക്കപ്പെടുന്നത്, വിഘടനവും സംയോജനവും വഴി.
ഭാരമേറിയ അണുകേന്ദ്രങ്ങളെ ഊർജസ്വലങ്ങളായ കണങ്ങളെക്കൊണ്ട് ഭേദിക്കുന്ന പ്രക്രിയയാണ് അണുകേന്ദ്രവിഘടനം. വിഘടൻ ഫലമായി താരതമ്യേന ഭാരം കുറഞ്ഞ മൂലകങ്ങളുടെ അണുകേന്ദ്രങ്ങളും ഏതാനും ന്യൂട്രോണുകളും ജന്മമെടുക്കുന്നത് കൂടാതെ ഭീമമായ തോതിൽ ഊർജവും ഉത്പാദിപ്പിക്കുന്നു. ഈ പ്രക്രിയയിലൂടെ നഷ്ടപ്പെടുന്ന ദ്രവ്യമാണ് ഊർജമായി രൂപാന്തരപ്പെടുന്നത്.
ഭാരം കുറഞ്ഞ മൂലകങ്ങൾ അതിനുള്ള അണുപ്രതിപ്രവർത്തനങ്ങൾ വലിയ തോതിൽ ഊർജം പുറത്തുവിട്ടുകൊണ്ട് ഭാരം കൂടിയ ഒന്നായി രൂപംകൊള്ളുന്ന പ്രക്രിയയാണ് അണുകേന്ദ്രസംയോജനം. ഹൈഡ്രോജൻ അണുകേന്ദ്രങ്ങൾക്കിടയിലെ സംയോജന പ്രതിപ്രവർത്തനത്തിന്റെ ഫലമായാണ് സൂര്യന്റെയും ഇതര നക്ഷത്രങ്ങളുടെയും ഊർജോല്പാദനം.
നൈമിഷിക ആയുസ്സുള്ളതു കൊണ്ട് ന്യൂട്രോണുകൾക്ക് സ്വതന്ത്രമായി വിഹരിക്കാനാവില്ല. തനുമൂലം അണു റിയാക്ടറുകളിൽ കൃത്രിമ സംവിധാനങ്ങളേർപ്പെടുത്തിയാണ് ന്യൂട്രോൺ വിമുക്തമാകുന്നത്.
സൂറത്തു യൂസുഫ് 100-ആം വാക്യം കാണുക: "...തീർച്ചയായും എന്റെ രക്ഷിതാവ് താനുദ്ദേശിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. അവൻ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു."
വിശുദ്ധ ഖുർആനിലെ മറ്റൊരു സൂക്തമിതാ:
" തീർച്ചയായും ധാന്യമണികളും ഈത്തപഴക്കുരുവും പിളർക്കുന്നവനാകുന്നു അല്ലാഹു. നിർജീവമായതിൽ നിന്ന് ജീവനുള്ളതിനെ അവൻ പുറത്തു വരുത്തുന്നു. ജീവനുള്ളതിൽ നിന്ന് നിർജീവമായതിനെയും അവൻ പുറത്തുവരുത്തുന്നതാണ്. അങ്ങനെയുള്ളവനത്രെ അല്ലാഹു. എന്നിരിക്കെ എങ്ങനെയാണ് നിങ്ങൾ നേർവഴി കാണിക്കാതിരിക്കുന്നത്?" (6:95)
മേൽ സൂക്തത്തിലെ ഫാലിഖ് എന്ന പദത്തിനു 'വിഘടനം വഴി അണുക്കളെ പിളർത്തൽ' എന്ന് അർഥം കൊടുത്തുകൂടേ? അഥവാ എന്ന വാക്ക് അണുകേന്ദ്രം, മധ്യം എന്നിവയെ കുറിക്കുന്നു. അല്ലാഹു നിർജീവമായ ഊർജത്തിൽ നിന്ന് ജീവസ്സുറ്റ പദാർഥത്തെ പുറത്തു കൊണ്ടുവരുന്നവനെന്നും തിരിച്ച് ചെയ്യുന്നവനെന്നും മേൽ സൂക്തത്തെ വ്യാഖ്യാനിച്ചുകൂടേ? ഊർജമെന്നത് ജോലി ചെയ്യാനുള്ള കഴിവാണ്. ഐൻസ്റ്റീന്റെ വിഖ്യാതമായ ദ്രവ്യത്തെ ഊർജമാക്കി മാറ്റാനും മറിച്ച് ഊർജത്തെ ദ്രവമാക്കാനും കഴിയുമെന്ന സിദ്ധാന്തം മേൽസൂക്തത്തിന് സർവഥാ യോജിക്കുന്നു. എല്ലാം അറിയുന്നവൻ അല്ലാഹുവത്രെ.
---
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.
തേനും തേനീച്ചയും
വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയും
പക്ഷികളുടെ ആശയവിനിമയം
ദേശാടന പക്ഷികൾക്ക് വഴി തെറ്റുന്നില്ല
മനുഷ്യശരീരത്തിലെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ
അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴ
ആകാശത്ത് നിന്ന് ഇറക്കിയ ഇരുമ്പ്
തന്മാത്രകളുടെ അസ്തിത്വം
ജീവികളുടെ ആത്മാർപ്പണവും അതിജീവനവും
വെള്ളമെന്ന മഹാത്ഭുതം
മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം
ജനിതക ഘടനയും പരിണാമവാദവും
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച
പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം
Related Reading in English from Harun Yahya