അത്ഭുതകരമായ സ്വഭാവഗുണങ്ങളോടും പാടവത്തോടെയുമാണ് ഭൂമിയിലെ ജീവജാലങ്ങളൊക്കെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒരൊറ്റ ജീവി വർഗത്തെയെടുത്തു പരിശോധിച്ചാൽ മാത്രം മതിയാവും സ്രഷ്ടാവായ അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തെക്കുറിച്ചറിയാൻ.
വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത് കാണുക:
"ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകൾകൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങൾ മാത്രമാകുന്നു. ഗ്രന്ഥത്തിൽ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട്, തങ്ങളുടെ രക്ഷിതാവിലേക്ക് അവർ ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്( 6:38)
ഏകദേശം പതിനായിരത്തോളം പക്ഷിവർഗങ്ങൾ ഭൂമുഖത്തുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ചിലയിനം പക്ഷികൾ സമൂഹമായി ജീവിക്കുന്നു. അപകടത്തെക്കുറിച്ച് പരസ്പരം മുന്നറിവ് നൽകുന്നു. ഭക്ഷണം ശേഖരിക്കാനും കൂടുണ്ടാക്കാനും കൂട്ടായി പ്രവർത്തിക്കുന്നു. അന്യോന്യം സഹായിച്ച് ചിലപ്പോൾ ജീവൻ തന്നെ വെടിയുന്നു. വിശുദ്ധ ഖുർആൻ പറയുന്നത് പോലെ അവയ്ക്ക് അവയുടേതായ ആശയവിനിമയ സംവിധാനമുണ്ട്. അല്ലാഹു അവയ്ക്ക് നൽകിയ ബോധമനുസരിച്ച് ഉത്തരവാദികൾ കൂട്ടായി നിർവഹിക്കുകയും ചെയ്യുന്നു.
ബുദ്ധി സാമർഥ്യം കൊണ്ടും പ്രത്യേക കഴിവുകൾ കൊണ്ടും ചിലയിന പക്ഷികൾ മറ്റുള്ളവയോട് മികച്ചുനിൽക്കുന്നു. തത്തകൾ, ഹമ്മിംഗ് പക്ഷികൾ, മൈനകൾ എന്നിവയ്ക്ക് വിവിധ തരത്തിലുള്ള ശബ്ദങ്ങളെ അനുകരിക്കാനുള്ള കഴിവ് നൽകപ്പെട്ടിരിക്കുന്നു.ഇത്തരം പക്ഷികളുടെ സംസാരിക്കാനുള്ള, അല്ലെങ്കിൽ ശബ്ദങ്ങൾ അനുകരിക്കാനുള്ള ശേഷി നാം നേരിട്ടും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയും മനസ്സിലാക്കിയിട്ടുള്ളതാണ്.
ചിലർ കരുതുന്നത് പോലെ സംസാരം അല്ലെങ്കിൽ ശബ്ദാനുകരണം വായ അടക്കുകയും തുറക്കുകയും ചെയ്യുക എന്ന നിസ്സാരമായ ഒരു പ്രക്രിയ അല്ല. അത്യന്തം സങ്കീർണമായ സംവിധാനങ്ങൾ അതിനാവശ്യമുണ്ട്. എല്ലാ ഘടകങ്ങളും കുറ്റമറ്റ രീതിയിൽ പ്രവർത്തനക്ഷമമായിരിക്കുകയും വേണം.
തത്തയെ നമുക്ക് ഉദാഹരണമായിട്ടെടുക്കാം. തത്തകൾക്ക് മനുഷ്യരുടെ ശബ്ദം അനുകരിക്കാനുള്ള കഴിവ് മാത്രമല്ല, മനുഷ്യർക്ക് അസാധ്യമെന്നു കരുതുന്ന , വാതില പാളികൾ തുറക്കുമ്പോഴുളവാകുന്ന ശബ്ദം, കുപ്പിയുടെ മൂടി തുറക്കുമ്പോഴുണ്ടാകുന്ന ശബ്ദം, ടെലഫോൺ മണിയടി ശബ്ദം, ചൂളംവിളി എന്നിവയും പുറപ്പെടുവിയ്ക്കാനാവും. ഈ കഴിവുകൾ തത്തകൾ യാദൃശ്ഛികമായി ആർജിച്ചതല്ല, തീർച്ച.
ഇത്തരം കഴിവുകൾ പ്രകടിപ്പിക്കാനാവശ്യമായ ശരീരപ്രകൃതിയാണ് ആദ്യമായി വേണ്ടത്. അതിനു സൂക്ഷ്മ ശ്രവണശേഷിയുണ്ടായിരിക്കണം. ഇന്ദ്രിയങ്ങളിലൂടെ ലഭിയ്ക്കുന്ന അറിവുകൾ ഓർമയിൽ സൂക്ഷിയ്ക്കാനുള്ള കഴിവും വേണ്ടതുണ്ട്.
ടെലഫോൺ മണി മുഴങ്ങുമ്പോൾ 'ഹലോ' എന്ന് പറയുന്നത്, വാതിലിൽ മുട്ടുമ്പോൾ ആരാണത്? എന്ന് ചോദിക്കുന്നത്, പരിചയക്കാരെ കാണുമ്പോൾ പേരെടുത്ത് വിളിയ്ക്കുന്നത് എല്ലാം ആദ്യമായി കേൾക്കുന്ന ആളുകളിൽ അത്ഭുതമുളവാക്കിയേക്കാം. ഒരു വാക്കുച്ചരിക്കുക എന്നതുതന്നെ പക്ഷികളെ സംബന്ധിച്ചിടത്തോളം ആശ്ചര്യകരമായ ഒരു സിദ്ധിയാണെന്നിരിക്കെ നാമത് കാര്യമാക്കാറില്ല.
അടുത്തു വരുന്ന ആളുകളെ തിരിച്ചറിയുക എന്നത് മാത്രമല്ല പ്രധാനം. തിരിച്ചറിഞ്ഞ് പ്രതികരിക്കുക എന്നത് കൂടിയാണ്. ആ വ്യക്തിയുമായി ബന്ധപ്പെട്ട ശബ്ദങ്ങൾ ഓർമയിൽ നിന്ന് ചികഞ്ഞെടുത്ത് ആവർത്തിക്കുക എന്നതാണ് കാര്യം. പക്ഷികൾക്ക് ഓർമശക്തിയുണ്ടെന്നുള്ളതിന് ഇത് തെളിവാകുന്നു. ചിലയിനം പക്ഷികൾക്ക് ചോദ്യങ്ങൾ മനസ്സിലാക്കുവാനും യുക്തമായ മറുപടികൾ നൽകാനും കഴിവുണ്ടെന്നറിയുമ്പോൾ സംഗതിയുടെ ഗൗരവം വർധിക്കുന്നു. അലക്സ് എന്നു പേരുള്ള പരിശീലനം സിദ്ധിച്ച ഒരു തത്ത, റോസ് നിരത്തിലുള്ള കടലാസ് കഷ്ണം കാണിച്ച് 'എന്താണിതിന്റെ നിറം?' എന്നു ചോദിച്ചപ്പോൾ 'റോസ്' എന്ന് ഉത്തരം കൊടുത്തത് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത്തരം കഴിവുള്ള പക്ഷികൾ സൃഷ്ടികളിൽ തന്നെ ഒരത്ഭുതമാണ്. പക്ഷികൾക്കും, മൃഗങ്ങൾക്കും ചിന്തിയ്ക്കാനുള്ള കഴിവില്ല. ഇഛാശക്തി തെല്ലുമില്ല, തീരുമാനമെടുക്കാനും അത് പ്രായോഗികമാക്കാനുമുള്ള കഴിവില്ല.
വിശുദ്ധ ഖുർആൻ അധ്യായം 'ഹൂദ്' ആറാം വാക്യം കാണുക:
" ഭൂമിയിൽ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവൻ അറിയുന്നു. എല്ലാം സ്പ്ഷ്ടമായ ഒരു രേഖയിലുണ്ട്."
മനുഷ്യരുണ്ടാക്കുന്ന ശബ്ദം തെറ്റു കൂടാതെ അനുകരിക്കണമെങ്കിൽ മനുഷ്യർക്കുള്ളപോലെ ശബ്ദനാളം പക്ഷികൾക്കുമുണ്ടായിരിക്കണം. എന്നാൽ മനുഷ്യരുടെ ശബ്ദനാളത്തിന്റെ ഘടനയുമായി പക്ഷികളുടേതിന് യാതൊരു സാദൃശ്യവുമില്ല തന്നെ. മനുഷ്യർക്കുള്ളതുപോലെ ശബ്ദം പുറപ്പെടുവിക്കാനാവശ്യമായ ശബ്ദനാളം, സ്വനതന്തുക്കൾ, നാവ്, ചുണ്ടുകൾ , അണ്ണാക്ക്, പല്ലുകൾ എന്നിവയ്ക്ക് യാതൊരു തുല്യതയുമില്ലെന്നു മാത്രമല്ല പക്ഷികൾക്ക് ഇപ്പറഞ്ഞ അവയവങ്ങളിൽ പലതുമില്ലതാനും.
മനുഷ്യരും പക്ഷികളും എങ്ങനെയാണ് ശബ്ദം പുറപ്പെടുവിക്കുനതെന്നുനോക്കാം. ശ്വാസകോശങ്ങളിൽ നിന്നും പുറപ്പെട്ടുവരുന്ന വായു ശബ്ദനാളത്തിലൂടെ ശബ്ദ്മായി പുറത്തു വരുന്നു. സ്വനതന്തുക്കളുടെ പ്രകമ്പനത്തിന്റെ തോതനുസരിച്ച് ശബ്ദവ്യതിയാനമുണ്ടാവുന്നു. നാവിന്റെയും പല്ലുകളുടെയും സ്ഥാനം, വായയിലൂടെയും നാസാരന്ധ്രങ്ങളിലൂടെയുമുള്ള വായുവിന്റെ ഒഴുക്ക് എന്നിവ ശബ്ദത്തെ ബാധിക്കുന്ന കായങ്ങളാണ്. തൊണ്ടയിൽ വെച്ച് ശബ്ദനാളം രണ്ടായി പിരിയുന്നു. ഇവിടെവെച്ച് സംഭവിക്കുന്ന മുഴക്കം സ്വനതന്തുക്കളിൽ നിന്നുള്ള സ്വരത്തിന്റെ ഒച്ച വർധിപ്പിക്കുന്നു.
മനുഷ്യരുടേത് പോലുള്ള ശബ്ദനാളം പക്ഷികൾക്കില്ല. ഒരു പ്രത്യേകതരം സ്വനാംഗമുപയോഗിച്ച് അവ ശബ്ദം പുറപ്പെടുവിക്കുന്നു. നമ്മുടെ സ്വനതന്തുക്കൾ നമ്മുടെ ശ്വാസനാളത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്നു. പക്ഷികളുടെ സ്വനാംഗം ശരീരത്തിനകത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് പക്ഷികൾ ശബ്ദം പുറപ്പെടുവിക്കുന്നതെങ്ങനെ എന്ന കാര്യം ശാസ്ത്രജ്ഞന്മാർക്ക് ഇന്നേ വരെ കണ്ടുപിടിക്കാനായിട്ടില്ല.
പക്ഷികൾക്ക് നമ്മെപോലെ ചുണ്ടുകളില്ല, പല്ലുകളുമില്ല. എന്നിട്ടും മനുഷ്യരുടെ ശബ്ദം അവ പുറപ്പെടുവിക്കുന്നു. ചുണ്ടില്ലാതെ തന്നെ, 'മ', 'ബ', ശബ്ദങ്ങൾ അവയ്ക്ക് അനുകരിക്കാനാവുന്നു.
ഇതൊക്കെ അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യമെന്നു കരുതുന്നതല്ലേ ബുദ്ധിയുള്ളവർക്ക് അഭിലഷണീയം.
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.
മറ്റു ലേഖനങൾ:
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച
പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം
ആകാശത്ത് നിന്ന് ഇറക്കിയ ഇരുമ്പ്
തന്മാത്രകളുടെ അസ്തിത്വം
ജീവികളുടെ ആത്മാർപ്പണവും അതിജീവനവും
വെള്ളമെന്ന മഹാത്ഭുതം
മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം
ജനിതക ഘടനയും പരിണാമവാദവും