വൈവിധ്യം നിറഞ്ഞ വിഷയങ്ങൾ എടുത്തുകാട്ടിക്കൊണ്ടാണ് വിശുദ്ധ ഖുർആൻ സ്രഷ്ടാവായ അല്ലഹുവില്ലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്. ചിലപ്പോൾ ആകാശങ്ങളെ, ചിലപ്പോൽ ജീവികളെ, മറ്റു ചിലപ്പോൾ സസ്യജാലങ്ങളെ ദൈവാസ്തിത്വത്തിനുള്ള ദൃഷ്ടാന്തങ്ങളായി ഉദ്ധരിച്ചുകൊണ്ട്, ഒട്ടേറെ സൂക്തങ്ങളിൽ സ്വന്തം സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിച്ചുനോക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതായി കാണാം. മനുഷ്യൻ എങ്ങനെ ഭൂമിയിൽ പിറന്നു വീണു, അവൻ താണ്ടിക്കടന്നു പോന്ന സൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങൾ, അവന്റെ സ്വന്തം സത്ത എന്നിവയെക്കുറിച്ചെല്ലാം അടിക്കടി അവനെ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
സൂറ വാഖിഅ 57 മുതൽ 59 വരെയുള്ള വാക്യങ്ങളിൽ അല്ലാഹു പറയുന്നത് കാണുക:
"നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് എന്നിരിക്കെ നിങ്ങളെന്താണ് (എന്റെ സന്ദേശങ്ങളെ) സത്യമായി അംഗീകരിക്കാത്തത്? അപ്പോൾ നിങ്ങൾ ശ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്, അതല്ല നാമാണോ സൃഷ്ടികർത്താവ്?"
മനുഷ്യന്റെ സൃഷ്ടിപ്പ് , അത്ഭുതമുളവാക്കുന്ന അതിന്റെ വിവ്ധ ദിശകൾ എന്നിവയെക്കുറിച്ച് മറ്റനേകം സൂക്തങ്ങളിലൂടെയും അല്ലാഹു ഊന്നിപ്പറയുന്നതായിക്കാണാം. ഒട്ടധികം സൂക്തങ്ങളിലൂടെ നൽകുന്ന വിശദമായ സൂചനകൾ ഏഴാം നൂറ്റാണ്ടിന്റെ ജനതയ്ക്ക് തികച്ചും അജ്ഞാതമായിരുന്നു. ഏതാനും ചിലത് താഴെ കൊടുക്കുന്നു.
(1) സ്രവിക്കുന്ന ശുക്ലത്തെ മുഴുവനായും ഉപയോഗപ്പെടുത്താതെ അതിന്റെ ചെറിയൊരംശത്തിൽ നിന്നും മാത്രം മനുഷ്യസൃഷ്ടി സാധിച്ചിരിക്കുന്നു.
(2) ശിശുവിന്റെ ലിംഗനിർണയത്തിൽ പങ്കു വഹിക്കുന്നത് പുരുഷൻ മാത്രമാകുന്നു.
(3) ഭ്രൂണം മാതാവിന്റെ ഗർഭാശയത്തിൽ അട്ടയെപ്പോലെ പറ്റിപ്പിടിക്കുന്നു.
(4) ശിശു വളർച്ചപ്രാപിക്കുന്നത് മൂന്നു ഇരുട്ടറകൾക്കകത്താകുന്നു.
വിശുദ്ധ ഖുർആൻ അവതരിച്ച കാലത്തിനു തൊട്ടുമുമ്പുവരെ ജീവിച്ച ജനത കരുതിപ്പോന്നിരുന്നത് സൃഷ്ടിപ്പിൻ പങ്കുവഹിക്കുന്നത് പുരുഷ ബീജം മാത്രമാണെന്നായിരുന്നു. ഇവ നമുക്ക് വിശദമായി പഠനവിധേയമാക്കാം.
സംയോഗവേളയിൽ പുരുഷൻ ഒരു പ്രാവശ്യം സ്രവിക്കുന്ന ശുക്ലത്തിൽ ഒ25 കോടി ബീജങ്ങളുണ്ടാവുമെന്നാണ് കണക്ക്. അഞ്ചു മിനിറ്റ് നേരത്തെ ക്ലേശഭൂയിഷ്ടമായ യാത്ര കഴിഞ്ഞാണ് ബീജങ്ങൾ സ്ത്രീയുടെ അണ്ഡാശയത്തിലെത്തിച്ചേരുന്നത്. രണ്ടരക്കോടി ബീജങ്ങളിൽ നിന്നും ആയിരം ബീജങ്ങൾ മാത്രമേ അണ്ഡത്തെ സമീപിക്കുന്നുള്ളു. ഉപ്പുതരിയുടെ പകുതി പോലും വലിപ്പമില്ലാത്ത അണ്ഡമാവട്ടെ ഒരൊറ്റ ബീജത്തെ മാത്രമേ സ്വീകരിക്കുന്നുള്ളൂ. വിശുദ്ധ ഖുർആൻ പറയുന്നു:
"മനുഷ്യൻ വിചാരിക്കുന്നുവോ അവൻ വെറുതെയങ്ങ് വിട്ടയക്കപ്പെടുമെന്ന്. അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ?" (75:36, 37)
വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത്, സ്രവിക്കുന്ന പുരുഷ ബീജങ്ങൾ മുഴുക്കെ സൃഷ്ടിപിൽ പങ്കാളിയാവുന്നില്ലെന്നു തന്നെയാണ്. ഈ വസ്തുത അടുത്ത കാലത്താണ് ശാസ്ത്രം കണ്ടെത്തിയത്.
ശുക്ലത്തിൽ ബീജങ്ങൾ മാത്രമേയുള്ളുവെന്നു കരുതേണ്ട. വിവിധ ദ്രവങ്ങളുടെ ഒരു മിശ്രിതമാണത്. ബീജാവശ്യത്തിനുള്ള ഊർജം പ്രദാനം ചെയ്യുന്ന പഞ്ചസാരയുടെ അംശമുണ്ടതിൽ. ഗർഭാശയമുഖത്തുള്ള അമ്ലത്തെ നിർവീര്യമാക്കി ബീജങ്ങളുടെ നീക്കം ത്വരിതപ്പെടുത്താൻ ആവശ്യമായ വഴുവഴുപ്പ് നൽകുന്ന ഘടകവും അതിലടങ്ങിയിട്ടുണ്ട്.
ഈ കാര്യം വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു:
"കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽ നിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേൾവിയുള്ളവനും കാഴ്ച്ചയുള്ളവനുമാക്കിയിരിക്കുന്നു." (76:2)
മറ്റൊരു സൂക്തത്തിൽ, ശുക്ലം ഒരു മിശ്രിതമാണെന്നും ആ മിശ്രിതത്തിന്റെ സത്തിൽ നിന്നാണ് സൃഷ്ടി നിർവഹിച്ചിട്ടുള്ളതെന്നും പ്രസ്താവിക്കുന്നു.
"താൻ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവൻ, മനുഷ്യന്റെ സൃഷ്ടി കളിമണ്ണിൽ നിന്നും അവൻ ആരംഭിച്ചു. പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തിൽ നിന്ന് അവൻ ഉണ്ടാക്കി." (32:7,8)
"സുലാല" എന്ന അറബി പദത്തെ സത്ത് എന്നു ഭാഷാന്തരം ചെയ്തിരിക്കുന്നു. ആശയം ഒരു വസ്തുവിന്റെ കാതലായ, അല്ലെങ്കിൽ ഏറ്റവും മെച്ചപ്പെട്ട ഒരു ഭാഗം എന്നാകുന്നു.
സമീപ കാലംവരെയും ശിശുവിന്റെ ലിംഗനിർണയം സാധിക്കുന്നതിൽ പുരുഷ-സ്ത്രീ ബീജങ്ങൾക്ക് കൂട്ടായ പങ്കുണ്ടെന്നാണ് കരുതിപ്പോന്നിരുന്നത്. എന്നാൽ ജെനിറ്റിക്സിന്റെയും , മൈക്രോ ജീവശാസ്ത്രശാഖയുടെയും വികാസന ഫലമായി 20ആം ശതകത്തിൽ ലിംഗനിർണയത്തിൽ സ്ത്രീക്ക് പങ്കൊന്നും തന്നെയില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു.
46 ക്രോമസോമുകളിൽ ഒരു ജോഡിയാണ് ലിംഗ നിർണയത്തിന് നിദാനമായി വർത്തിക്കുന്നത്. ഇവയെ പുരുഷനിൽ XY എന്നും സ്ത്രീയിൽ XX ക്രോമസോമുകളെന്നും അറിയപ്പെടുന്നു. X ന്റെയും Y ന്റെയും ആകൃതിയിലായതുകൊണ്ടാണ് ആ പേര് വീണത്. Y ക്രോമസോമുകളിലാണ് പുരുഷജീനുകൾ അടങ്ങിയിട്ടുള്ളത്.
കുഞ്ഞിന്റെ സൃഷ്ടിയുടെ തുടക്കം പിതാവിൽ നിന്ന് ഒരു ക്രോമസോമും സ്ത്രീയിൽ നിന്ന് ഒരു ക്രോമസോമും യോജിച്ചാണ്. അണ്ഡം പുരുഷന്റെ X ക്രോമസോമുമായി സംയോജിച്ചാൽ ശിശു പെണ്ണായിരിക്കും. മറിച്ച് അണ്ഡം പുരുഷന്റെ Y ക്രോമസോമുമായാണ് മേളിക്കുന്നതെങ്കിൽ സന്തതി ആണായിരിക്കും.
" ഒരു ബീജം (ഗർഭാശയത്തിൽ) സ്രവിക്കപ്പെടുമ്പോൾ അതിൽ നിന്ന് ആൺ പെൺ എന്നീ രണ്ടു ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നുമുള്ള കാര്യങ്ങൾ( 53:45, 46)
പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും കൂടിച്ചേരുന്നതോടെ ജനിയ്ക്കാനിരിക്കുന്ന കുഞ്ഞിന്റെ സത്ത രൂപവത്കരിക്കപ്പെട്ടു കഴിഞ്ഞു. ഈ ഏകകോശം (സിക്താണ്ഡം) വിഭജിച്ച് ഒരു മാംസക്കഷ്ണമായിത്തീർന്നു. സിക്താണ്ഡം ഗർഭാശയ ഭിത്തിയിൽ വള്ളിക്കൊടിയുടെ വേരുകൾ മണ്ണിലിറങ്ങി നിൽക്കുന്നത് പോലെ പറ്റിപ്പിടിച്ച് നിൽക്കുന്നു. ഈ ബന്ധത്തിലൂടെ മാതാവിന്റെ ശരീരത്തിൽ നിന്നും സിക്താണ്ഡത്തിന്റെ വളർച്ചയ്ക്കാവശ്യമായ പദാർഥങ്ങൾ വലിച്ചെടുക്കുന്നു.
" സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്നു സൃഷ്ടിച്ചിരിക്കുന്നു." (96:1,2)
" അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു." (75: 37, 38)
'അലഖ്' എന്നതിന്റെ അർഥം ഒരിടത്ത് പറ്റിപ്പിടിച്ചു നിൽക്കുന്നത് എന്നാണ്. രക്തം കുടിക്കുമ്പോൾ അട്ട പറ്റിപ്പിടിച്ചു നിൽക്കുന്നതിനോട് ഇതിനെ ഉപമിക്കാവുന്നതാണ്. സിക്താണ്ഡം ഇങ്ങനെ പറ്റിപ്പിടിച്ചു കഴിയുന്നതോടെ അതിന്റെ വളർച്ച ആരംഭിക്കുന്നു. മാതാവിന്റെ ഗർഭാശയത്തിൽ സിക്താണ്ഡത്തിനു ചുറ്റും അമ്നിയോൺ ദ്രവം നിറയ്ക്കുകയായി. പുറത്ത് നിന്നും ഏൽക്കുന്ന പ്രഹരങ്ങളിൽ നിന്നും ശിശുവിനെ , സംരക്ഷിക്കുക ഈ ദ്രവത്തിന്റെ ഏറ്റവും പ്രധാന ധർമ്മമാകുന്നു.
"എന്നിട്ട് നാമതിനെ നിശ്ചിതമായ ഒരവധി വരെ ഭദ്രമായ ഒരു സങ്കേതത്തിൽ വെച്ചു." (77: 21,22)
"പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ ഭദ്രമായ ഒരു സ്ഥനത്തിൽ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്നു നാം ആ മാംസപിണ്ഡത്തെ അസ്ഥിക്കുടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥിക്കൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല കർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു." (23: 13, 14)
വിശുദ്ധ ഖുർആന്റെ ഓരോ വിവരണവും സത്യമാകുന്നു. കാരണം അല്ലാഹുവിന്റെ വചനങ്ങൾ തന്നെയാണവ. നിശ്ചയം!
---
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.
മറ്റു ലേഖനങൾ:
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച
തേനും തേനീച്ചയും
വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയും
പക്ഷികളുടെ ആശയവിനിമയം
ദേശാടന പക്ഷികൾക്ക് വഴി തെറ്റുന്നില്ല