1. കപട വിശ്വാസികള്‍ നിന്‍റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്‍റെ ദൂതനാണെന്ന്. തീര്‍ച്ചയായും മുനാഫിഖുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
2. അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത് എത്രയോ ചീത്ത തന്നെ.
3. അത്, അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളിന്‍മേല്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) ഗ്രഹിക്കുകയില്ല.
4. നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക് കേട്ടിരുന്നു പോകും. അവര്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും. അവരാകുന്നു ശത്രു. അവരെ സൂക്ഷിച്ചു കൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്?
5. നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതായി നിനക്ക് കാണുകയും ചെയ്യാം.
6. നീ അവര്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചാലും പ്രാര്‍ത്ഥിച്ചിട്ടില്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അല്ലാഹു ഒരിക്കലും അവര്‍ക്കു പൊറുത്തുകൊടുക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.
7. അല്ലാഹുവിന്‍റെ ദൂതന്‍റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി, അവര്‍ (അവിടെ നിന്ന്) പിരിഞ്ഞു പോകുന്നത് വരെ നിങ്ങള്‍ ഒന്നും ചെലവ് ചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവര്‍. അല്ലാഹുവിന്‍റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷെ കപടന്‍മാര്‍ കാര്യം ഗ്രഹിക്കുന്നില്ല.
8. അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്. അല്ലാഹുവിനും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷെ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല.
9. സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ് നഷ്ടക്കാര്‍.
10. നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്‍റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്.
11. ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.