1. അലിഫ്-ലാം-മീം
2. തത്വസമ്പൂര്‍ണ്ണമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.
3. സദ്‌വൃത്തര്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമത്രെ അത്.
4. നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, പരലോകത്തില്‍ ദൃഢവിശ്വാസമുള്ളവരായിരിക്കുകയും ചെയ്യുന്നവര്‍ക്ക്.
5. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനമനുസരിച്ച് നിലകൊള്ളുന്നവരത്രെ അവര്‍. അവര്‍ തന്നെയാണ് വിജയികള്‍.
6. യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.
7. അത്തരം ഒരാള്‍ക്ക് നമ്മുടെ വചനങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ അഹങ്കരിച്ച് കൊണ്ട് തിരിഞ്ഞുകളയുന്നതാണ്. അവനത് കേട്ടിട്ടില്ലാത്തപോലെ. അവന്‍റെ ഇരുകാതുകളിലും അടപ്പുള്ളതുപോലെ. ആകയാല്‍ നീ അവന്ന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത യറിയിക്കുക.
8. തീര്‍ച്ചയായും; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കുള്ളതാണ് സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പുകള്‍.
9. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ സത്യവാഗ്ദാനമത്രെ അത്. അവനാകുന്നു പ്രതാപിയും യുക്തിമാനും.
10. നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്ത് നിന്ന് നാം വെള്ളം ചൊരിയുകയും, എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു.
11. ഇതൊക്കെ അല്ലാഹുവിന്‍റെ സൃഷ്ടിയാകുന്നു. എന്നാല്‍ അവന്നു പുറമെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അല്ല, അക്രമകാരികള്‍ വ്യക്തമായ വഴികേടിലാകുന്നു.
12. ലുഖ്മാന് നാം തത്വജ്ഞാനം നല്‍കുകയുണ്ടായി, നീ അല്ലാഹുവോട് നന്ദികാണിക്കുക. ആര്‍ നന്ദികാണിച്ചാലും തന്‍റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. (എന്ന് അദ്ദേഹത്തോട് നാം അനുശാസിച്ചു.)
13. ലുഖ്മാന്‍ തന്‍റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.
14. മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്‍റെ) മടക്കം.
15. നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്‍റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്.
16. എന്‍റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
17. എന്‍റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്.
18. നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്‍റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.
19. നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ.
20. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു എന്ന് നിങ്ങള്‍ കണ്ടില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അവന്‍റെ അനുഗ്രഹങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. വല്ല അറിവോ മാര്‍ഗദര്‍ശനമോ വെളിച്ചം നല്‍കുന്ന വേദഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്ന ചിലര്‍ മനുഷ്യരിലുണ്ട്.
21. അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)
22. വല്ലവനും സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള പിടികയറില്‍ തന്നെയാണ് അവന്‍ പിടിച്ചിരിക്കുന്നത്. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണതി.
23. വല്ലവനും അവിശ്വസിച്ചുവെങ്കില്‍ അവന്‍റെ അവിശ്വാസം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നാം അവരെ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.
24. നാം അവര്‍ക്ക് അല്‍പം സുഖം അനുഭവിപ്പിക്കുന്നു. പിന്നെ കഠിനമായ ശിക്ഷയിലേക്ക് നാം അവരെ തള്ളിവിടുന്നതാണ്.
25. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.
26. അല്ലാഹുവിന്‍റെതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളത്. തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യര്‍ഹനുമാകുന്നു.
27. ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാകുകയും അതിനു പുറമെ ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്‍റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
28. നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ (സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്) പോലെ മാത്രമാകുന്നു തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവനത്രെ.
29. അല്ലാഹു രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന് നീ ചിന്തിച്ചു നോക്കിയിട്ടില്ലേ? അവന്‍ സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം നിര്‍ണിതമായ ഒരു അവധിവരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണെന്നും (നീ ആലോചിച്ചിട്ടില്ലേ?)
30. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന്നു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതെല്ലാം വ്യര്‍ത്ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും.
31. കടലിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്‍റെ അനുഗ്രഹം നിമിത്തമാണെന്ന് നീ കണ്ടില്ലേ? അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ വേണ്ടിയത്രെ അത്. ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
32. പര്‍വ്വതങ്ങള്‍ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാല്‍ കീഴ്‌വണക്കം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവനോട് അവര്‍ പ്രാര്‍ത്ഥിക്കുന്നതാണ്. എന്നാല്‍ അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തുമ്പോളോ അവരില്‍ ചിലര്‍ മാത്രം മര്യാദ പാലിക്കുന്നവരായിരിക്കും. പരമവഞ്ചകന്‍മാരും നന്ദികെട്ടവരും ആരെല്ലാമോ, അവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയുള്ളൂ.
33. മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്‍റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ.
34. തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.