• 1. അലിഫ്‌-ലാം-മീം
  • 2. റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു.
  • 3. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.
  • 4. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേ ദിവസം സത്യവിശ്വാസികള്‍ സന്തുഷ്ടരാകുന്നതാണ്‌.
  • 5. അല്ലാഹുവിന്‍റെ സഹായം കൊണ്ട്‌. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവനത്രെ പ്രതാപിയും കരുണാനിധിയും.
  • 6. അല്ലാഹുവിന്‍റെ വാഗ്ദാനമത്രെ ഇത്‌. അല്ലാഹു അവന്‍റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.
  • 7. ഐഹികജീവിതത്തില്‍ നിന്ന് പ്രത്യക്ഷമായത് അവര്‍ മനസ്സിലാക്കുന്നു. പരലോകത്തെപ്പറ്റിയാകട്ടെ അവര്‍ അശ്രദ്ധയില്‍ തന്നെയാകുന്നു.
  • 8. അവരുടെ സ്വന്തത്തെപ്പറ്റി അവര്‍ ചിന്തിച്ച് നോക്കിയിട്ടില്ലേ? ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ശരിയായ മുറപ്രകാരവും നിര്‍ണിതമായ അവധിയോട് കൂടിയുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതില്‍ വിശ്വാസമില്ലാത്തവരത്രെ.
  • 9. അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുന്നില്ലേ? അവര്‍ ഇവരേക്കാള്‍ കൂടുതല്‍ ശക്തിയുള്ളവരായിരുന്നു. അവര്‍ ഭൂമി ഉഴുതുമറിക്കുകയും, ഇവര്‍ അധിവാസമുറപ്പിച്ചതിനെക്കാള്‍ കൂടുതല്‍ അതില്‍ അധിവാസമുറപ്പിക്കുകയും ചെയ്തു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. എന്നാല്‍ അല്ലാഹു അവരോട് അക്രമം ചെയ്യുകയുണ്ടായിട്ടില്ല. പക്ഷെ, അവര്‍ തങ്ങളോട് തന്നെ അക്രമം ചെയ്യുകയായിരുന്നു.
  • 10. പിന്നീട്‌, ദുഷ്പ്രവൃത്തി ചെയ്തവരുടെ പര്യവസാനം ഏറ്റവും മോശമായിത്തീര്‍ന്നു. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും അവയെപ്പറ്റി അവര്‍ പരിഹസിച്ചു കൊണ്ടിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.
  • 11. അല്ലാഹു സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
  • 12. അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ ആശയറ്റവരാകും.
  • 13. അവര്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തില്‍ അവര്‍ക്ക് ശുപാര്‍ശക്കാര്‍ ആരുമുണ്ടായിരിക്കുകയില്ല. അവരുടെ ആ പങ്കാളികളെത്തന്നെ അവര്‍ നിഷേധിക്കുന്നവരാവുകയും ചെയ്യും.
  • 14. അന്ത്യസമയം നിലവില്‍ വരുന്ന ദിവസം - അന്നാണ് അവര്‍ വേര്‍പിരിയുന്നത്‌.
  • 15. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ ഒരു പൂന്തോട്ടത്തില്‍ ആനന്ദം അനുഭവിക്കുന്നവരായിരിക്കും.
  • 16. എന്നാല്‍ അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചു കളയുകയും ചെയ്തവരാരോ അവര്‍ ശിക്ഷയ്ക്കായി ഹാജരാക്കപ്പെടുന്നവരാകുന്നു.
  • 17. ആകയാല്‍ നിങ്ങള്‍ സന്ധ്യാവേളയിലാകുമ്പോഴും പ്രഭാതവേളയിലാകുമ്പോഴും അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക.
  • 18. ആകാശങ്ങളിലും ഭൂമിയിലും അവനുതന്നെയാകുന്നു സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും (അവനെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക.)
  • 19. നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് കൊണ്ട് വരുന്നു. ജീവനുള്ളതില്‍ നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് കൊണ്ട് വരുന്നു. ഭൂമിയുടെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം അതിന്നവന്‍ ജീവന്‍ നല്‍കുകയും ചെയ്യുന്നു. അതുപോലെത്തന്നെ നിങ്ങളും പുറത്ത് കൊണ്ട് വരപ്പെടും.
  • 20. നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.
  • 21. നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.
  • 22. ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.
  • 23. രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.
  • 24. ഭയവും ആശയും ഉളവാക്കിക്കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.
  • 25. അവന്‍റെ കല്‍പനപ്രകാരം ആകാശവും ഭൂമിയും നിലനിന്ന് വരുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. പിന്നെ, ഭൂമിയില്‍ നിന്ന് നിങ്ങളെ അവന്‍ ഒരു വിളി വിളിച്ചാല്‍ നിങ്ങളതാ പുറത്ത് വരുന്നു.
  • 26. ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അവന്‍റെ അധീനത്തിലത്രെ. എല്ലാവരും അവന്ന് കീഴടങ്ങുന്നവരാകുന്നു.
  • 27. അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത് ആവര്‍ത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ എളുപ്പമുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത് അവന്നാകുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ.
  • 28. നിങ്ങളുടെ കാര്യത്തില്‍ നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളില്‍ ആരെങ്കിലും നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട് നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നത് പോലെ അവരെ (അടിമകളെ) യും നിങ്ങള്‍ ഭയപ്പെടുമാറ് നിങ്ങളിരുകൂട്ടരും അതില്‍ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.
  • 29. പക്ഷെ, അക്രമം പ്രവര്‍ത്തിച്ചവര്‍ യാതൊരു അറിവുമില്ലാതെ തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരിക്കുകയാണ്‌. അപ്പോള്‍ അല്ലാഹു വഴിതെറ്റിച്ചവരെ ആരാണ് സന്‍മാര്‍ഗത്തിലാക്കുക? അവര്‍ക്ക് സഹായികളായി ആരുമില്ല.
  • 30. ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്‍റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല.
  • 31. (നിങ്ങള്‍) അവങ്കലേക്ക് തിരിഞ്ഞവരായിരിക്കുകയും, അവനെ സൂക്ഷിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. നിങ്ങള്‍ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്‌.
  • 32. അതായത്‌, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ.
  • 33. ജനങ്ങള്‍ക്ക് വല്ല ദുരിതവും ബാധിച്ചാല്‍ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിഞ്ഞും കൊണ്ട് അവനോട് അവര്‍ പ്രാര്‍ത്ഥിക്കുന്നതാണ്‌. പിന്നെ തന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം അവര്‍ക്കവന്‍ അനുഭവിപ്പിച്ചാല്‍ അവരില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കുന്നു.
  • 34. അങ്ങനെ നാം അവര്‍ക്ക് നല്‍കിയതിനു നന്ദികേട് കാണിക്കുകയത്രെ അവര്‍ ചെയ്യുന്നത്‌. ആകയാല്‍ നിങ്ങള്‍ സുഖം അനുഭവിച്ച് കൊള്ളുക. വഴിയെ നിങ്ങള്‍ മനസ്സിലാക്കികൊള്ളും.
  • 35. അതല്ല, അവര്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ത്തിരുന്നതിനനൂകൂലമായി അവരോട് സംസാരിക്കുന്ന വല്ല പ്രമാണവും നാം അവര്‍ക്ക് ഇറക്കികൊടുത്തിട്ടുണ്ടോ?
  • 36. മനുഷ്യര്‍ക്ക് നാം കാരുണ്യം അനുഭവിപ്പിക്കുന്ന പക്ഷം അവര്‍ അതില്‍ ആഹ്ലാദം കൊള്ളുന്നു. തങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തതിന്‍റെ ഫലമായി അവര്‍ക്ക് വല്ല ദോഷവും ബാധിക്കുകയാണെങ്കിലോ അവരതാ ആശയറ്റവരാകുന്നു.
  • 37. താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഉപജീവനം വിശാലമാക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന് അവര്‍ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌; തീര്‍ച്ച.
  • 38. ആകയാല്‍ കുടുംബബന്ധമുള്ളവന് നീ അവന്‍റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കനും (അവരുടെ അവകാശവും നല്‍കുക). അല്ലാഹുവിന്‍റെ പ്രീതി ലക്ഷ്യമാക്കുന്നവര്‍ക്ക് അതാണുത്തമം. അവര്‍ തന്നെയാണ് വിജയികളും.
  • 39. ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്‍റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍.
  • 40. അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കി. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതില്‍ പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.
  • 41. മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം.
  • 42. (നബിയേ,) പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അവരില്‍ അധികപേരും ബഹുദൈവാരാധകരായിരുന്നു.
  • 43. ആകയാല്‍ അല്ലാഹുവില്‍ നിന്ന് ആര്‍ക്കും തടുക്കാനാവാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി നീ നിന്‍റെ മുഖം വക്രതയില്ലാത്ത മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അന്നേദിവസം ജനങ്ങള്‍ (രണ്ടുവിഭാഗമായി) പിരിയുന്നതാണ്‌.
  • 44. വല്ലവനും നന്ദികേട് കാണിച്ചാല്‍ അവന്‍റെ നന്ദികേടിന്‍റെ ദോഷം അവന്നുതന്നെയായിരിക്കും. വല്ലവനും സല്‍കര്‍മ്മം ചെയ്യുന്ന പക്ഷം തങ്ങള്‍ക്ക് വേണ്ടി തന്നെ സൌകര്യമൊരുക്കുകയാണ് അവര്‍ ചെയ്യുന്നത്‌.
  • 45. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് തന്‍റെ അനുഗ്രഹത്താല്‍ അല്ലാഹു പ്രതിഫലം നല്‍കുന്നതിന് വേണ്ടിയത്രെ അത്‌. സത്യനിഷേധികളെ അവന്‍ ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച.
  • 46. (മഴയെപ്പറ്റി) സന്തോഷസൂചകമായിക്കൊണ്ടും, തന്‍റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് അനുഭവിപ്പിക്കാന്‍ വേണ്ടിയും, തന്‍റെ കല്‍പനപ്രകാരം കപ്പല്‍ സഞ്ചരിക്കുവാന്‍ വേണ്ടിയും, തന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയും അവന്‍ കാറ്റുകളെ അയക്കുന്നത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.
  • 47. നിനക്ക് മുമ്പ് പല ദൂതന്‍മാരെയും അവരുടെ ജനതയിലേക്ക് നാം നിയോഗിച്ചിട്ടുണ്ട്‌. എന്നിട്ട് വ്യക്തമായ തെളിവുകളും കൊണ്ട് അവര്‍ (ദൂതന്‍മാര്‍) അവരുടെയടുത്ത് ചെന്നു. അപ്പോള്‍ കുറ്റകരമായ നിലപാട് സ്വീകരിച്ചവരുടെ കാര്യത്തില്‍ നാം ശിക്ഷാനടപടി സ്വീകരിച്ചു. വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു.
  • 48. അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴപുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു.
  • 49. ഇതിന് മുമ്പ് -ആ മഴ അവരുടെ മേല്‍ വര്‍ഷിപ്പിക്കപ്പെടുന്നതിന് മുമ്പ് -തീര്‍ച്ചയായും അവര്‍ ആശയറ്റവര്‍ തന്നെയായിരുന്നു.
  • 50. അപ്പോള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ഫലങ്ങള്‍ നോക്കൂ. ഭൂമി നിര്‍ജീവമായിരുന്നതിന് ശേഷം എങ്ങനെയാണ് അവന്‍ അതിന് ജീവന്‍ നല്‍കുന്നത്‌? തീര്‍ച്ചയായും അത് ചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
  • 51. ഇനി നാം മറ്റൊരു കാറ്റ് അയച്ചിട്ട് അത് (കൃഷി) മഞ്ഞനിറം ബാധിച്ചതായി അവര്‍ കണ്ടാല്‍ അതിന് ശേഷവും അവര്‍ നന്ദികേട് കാണിക്കുന്നവരായിക്കൊണേ്ടയിരിക്കുന്നതാണ്‌.
  • 52. എന്നാല്‍ മരിച്ചവരെ നിനക്ക് കേള്‍പിക്കാനാവില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പിന്നോക്കം തിരിഞ്ഞ് പോയാല്‍ അവരെ വിളികേള്‍പിക്കാനും നിനക്കാവില്ല.
  • 53. അന്ധത ബാധിച്ചവരെ അവരുടെ വഴികേടില്‍ നിന്ന് നേര്‍വഴിയിലേക്ക് നയിക്കാനും നിനക്കാവില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, എന്നിട്ട് കീഴ്പെട്ട് ജീവിക്കുന്നവരുമായിട്ടുള്ളവരെയല്ലാതെ നിനക്ക് കേള്‍പിക്കാനാവില്ല.
  • 54. നിങ്ങളെ ബലഹീനമായ അവസ്ഥയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വ്വജ്ഞനും സര്‍വ്വശക്തനും.
  • 55. അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്ത് പറയും; തങ്ങള്‍ (ഇഹലോകത്ത്‌) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന് .അപ്രകാരം തന്നെയായിരുന്നു അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെട്ടിരുന്നത്‌.
  • 56. വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്‌: അല്ലാഹുവിന്‍റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്‌. എന്നാല്‍ ഇതാ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍. പക്ഷെ നിങ്ങള്‍ (അതിനെപ്പറ്റി) മനസ്സിലാക്കിയിരുന്നില്ല.
  • 57. എന്നാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അന്നത്തെ ദിവസം അവരുടെ ഒഴികഴിവ് പ്രയോജനപ്പെടുകയില്ല. അവര്‍ പശ്ചാത്തപിക്കാന്‍ അനുശാസിക്കുപ്പെടുന്നതുമല്ല.
  • 58. മനുഷ്യര്‍ക്ക് വേണ്ടി ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്‌. നീ വല്ല ദൃഷ്ടാന്തവും കൊണ്ട് അവരുടെ അടുത്ത് ചെന്നാല്‍ അവിശ്വാസികള്‍ പറയും: നിങ്ങള്‍ അസത്യവാദികള്‍ മാത്രമാണെന്ന് .
  • 59. (കാര്യം) മനസ്സിലാക്കാത്തവരുടെ ഹൃദയങ്ങളില്‍ അപ്രകാരം അല്ലാഹു മുദ്രവെക്കുന്നു.
  • 60. ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ.
ഷെയർ ചെയ്യുക
logo
logo
logo
logo
logo
  • 1.ഫാതിഹ
  • 2.ബഖറ
  • 3.ആലു ഇംറാന്‍
  • 4.ന്നിസാഅ്‌
  • 5.മാഇദ
  • 6.അന്‍ആം
  • 7.അഅ്‌റാഫ്‌
  • 8.അന്‍ഫാല്‍
  • 9.തൗബ:
  • 10.യൂനുസ്‌
  • 11.ഹൂദ്‌
  • 12.യൂസുഫ്‌
  • 13.റഅ്‌ദ്‌
  • 14.ഇബ്‌റാഹീം.
  • 15.ഹിജ്‌റ്‌
  • 16.നഹ്‌ല്‍
  • 17.ഇസ്‌റാഅ്‌
  • 18.അല്‍ കഹ്ഫ്‌
  • 19.മര്‍യം
  • 20.ത്വാഹാ
  • 21.അന്‍ബിയാ
  • 22.ഹജ്ജ്‌
  • 23.മുഅ്‌മിനൂന്‍
  • 24.നൂര്‍
  • 25.ഫുര്‍ഖാന്‍
  • 26.ശുഅറാ
  • 27.നംല്‌
  • 28.ഖസസ്‌
  • 29.അന്‍കബൂത്‌
  • 30.റൂം
  • 31.ലുഖ്മാന്‍
  • 32.സജദ:
  • 33.അഹ്സാബ്‌
  • 34.സബഅ്‌
  • 35.ഫാത്വിര്‍
  • 36.യാസീന്‍
  • 37.സ്വാഫാത്ത്
  • 38.സ്വാദ്
  • 39.സുമര്‍
  • 40.ഗാഫിര്‍
  • 41.ഫുസ്സിലത്ത്
  • 42.ഷൂറാ
  • 43.സുഖ്റുഫ്
  • 44.ദുഖാന്‍
  • 45.ജാഥിയ
  • 46.അഹ്ഖാഫ്
  • 47.മുഹമ്മദ്
  • 48.ഫത്‌ഹ്‌
  • 49.ഹുജറാത്ത്
  • 50.ഖാഫ്
  • 51.ദ്ദാരിയാത്ത്
  • 52.ത്വൂര്‍
  • 53.സൂറ:ന്നജ്മ്
  • 54.ഖമര്‍
  • 55.റഹ്മാന്‍
  • 56.വാഖിഅ
  • 57.സൂറ:ഹദീദ്
  • 58.മുജാദല
  • 59.ഹഷര്‍
  • 60.മുംതഹിന
  • 61.സ്വഫ്
  • 62.ജുമുഅ
  • 63.മുനാഫിഖൂം
  • 64.തഗാബുന്‍
  • 65.സൂറ:ത്വലാഖ്
  • 66.തഹ് രീം
  • 67.മുല്‍ക്
  • 68.ഖലം
  • 69.ഹാഖ്ഖ
  • 70.മആരിജ്
  • 71.നൂഹ്
  • 72.ജിന്ന്
  • 73.മുസ്സമ്മില്‍
  • 74.മുദ്ദസിര്‍
  • 75.ഖിയാമ
  • 76.ഇന്‍സാന്‍
  • 77.മുര്‍സലാത്
  • 78.നബഹ്
  • 79.നാസിആത്ത്
  • 80.അബസ
  • 81.തക് വീര്‍
  • 82.ഇന്‍ഫിത്വാര്‍
  • 83.മുത്വഫ്ഫിഫീന്‍
  • 84.ഇന്‍ഷിഖാഖ്
  • 85.ബുറൂജ്
  • 86.ത്വാരിഖ്
  • 87.അഹ് ലാ
  • 88.ഗാഷിയ
  • 89.ഫജ് റ്
  • 90.ബലദ്
  • 91.ശംസ്
  • 92.ലൈല്‍
  • 93.ദ്വുഹാ
  • 94.ശര്‍ഹ്
  • 95.ത്തീന്‍
  • 96.അലഖ്
  • 97.ഖദ് റ്
  • 98.ബയ്യിന
  • 99.സല്‍ സല
  • 100.ആദിആത്ത്
  • 101.ഖരിഅ
  • 102.തകാസുര്‍
  • 103.അസ്വര്‍
  • 104.ഹുമസ
  • 105.ഫീല്‍
  • 106.ഖുറൈശ്
  • 107.മാഊന്‍
  • 108.കൌസര്‍
  • 109.കാഫിറൂന്‍
  • 110.നസ്വര്‍
  • 111.മസദ്
  • 112.ഇഖ്’ലാസ്വ്
  • 113.ഫലഖ്
  • 114.ന്നാസ്