• 1. അലിഫ് ലാംറാ-വേദഗ്രന്ഥത്തിലെ അഥവാ (കാര്യങ്ങള്‍) സ്പഷ്ടമാക്കുന്ന ഖുര്‍ആനിലെ വചനങ്ങളാകുന്നു അവ.
  • 2. തങ്ങള്‍ മുസ്ലിംകളായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ചിലപ്പോള്‍ സത്യനിഷേധികള്‍ കൊതിച്ച് പോകും.
  • 3. നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തില്‍ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. (പിന്നീട്‌) അവര്‍ മനസ്സിലാക്കിക്കൊള്ളും.
  • 4. ഒരു രാജ്യത്തെയും നാം നശിപ്പിച്ചിട്ടില്ല; നിര്‍ണിതമായ ഒരു അവധി അതിന്ന് നല്‍കപ്പെട്ടിട്ടല്ലാതെ.
  • 5. യാതൊരു സമുദായവും അതിന്‍റെ അവധിയേക്കാള്‍ മുമ്പിലാവുകയില്ല. (അവധി വിട്ട്‌) അവര്‍ പിന്നോട്ട് പോകുകയുമില്ല.
  • 6. അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.
  • 7. നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍ നീ ഞങ്ങളുടെ അടുക്കല്‍ മലക്കുകളെ കൊണ്ട് വരാത്തതെന്ത്‌?
  • 8. എന്നാല്‍ ന്യായമായ കാരണത്താലല്ലാതെ നാം മലക്കുകളെ ഇറക്കുന്നതല്ല. അന്നേരം അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്‌) സാവകാശം നല്‍കപ്പെടുന്നതുമല്ല.
  • 9. തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.
  • 10. തീര്‍ച്ചയായും നിനക്ക് മുമ്പ് പൂര്‍വ്വികന്‍മാരിലെ പല കക്ഷികളിലേക്ക് നാം ദൂതന്‍മാരെ അയച്ചിട്ടുണ്ട്‌.
  • 11. ഏതൊരു ദൂതന്‍ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.
  • 12. അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ അത് (പരിഹാസം) നാം ചെലുത്തി വിടുന്നതാണ്‌.
  • 13. പൂര്‍വ്വികന്‍മാരില്‍ (ദൈവത്തിന്‍റെ) നടപടി നടന്ന് കഴിഞ്ഞിട്ടും അവര്‍ ഇതില്‍ വിശ്വസിക്കുന്നില്ല.
  • 14. അവരുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു കവാടം തുറന്നുകൊടുക്കുകയും, എന്നിട്ട് അതിലൂടെ അവര്‍ കയറിപ്പോയിക്കൊണ്ടിരിക്കുകയും ചെയ്താല്‍ പോലും.
  • 15. അവര്‍ പറയും: ഞങ്ങളുടെ കണ്ണുകള്‍ക്ക് മത്ത് ബാധിച്ചത് മാത്രമാണ്‌. അല്ല, ഞങ്ങള്‍ മാരണം ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകളാണ്‌.
  • 16. ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക് അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.
  • 17. ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.
  • 18. എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.
  • 19. ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
  • 20. നിങ്ങള്‍ക്കും, നിങ്ങള്‍ ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ഉപജീവനമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
  • 21. യാതൊരു വസ്തുവും നമ്മുടെ പക്കല്‍ അതിന്‍റെ ഖജനാവുകള്‍ ഉള്ളതായിട്ടല്ലാതെയില്ല. (എന്നാല്‍) ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത് ഇറക്കുന്നതല്ല.
  • 22. മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല.
  • 23. തീര്‍ച്ചയായും, നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. (എല്ലാറ്റിന്‍റെയും) അനന്തരാവകാശിയും നാം തന്നെയാണ്‌.
  • 24. തീര്‍ച്ചയായും നിങ്ങളില്‍ നിന്ന് മുമ്പിലായവര്‍ ആരെന്ന് നാം അറിഞ്ഞിട്ടുണ്ട്‌. പിന്നിലായവര്‍ ആരെന്നും നാം അറിഞ്ഞിട്ടുണ്ട്‌.
  • 25. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെ അവരെ ഒരുമിച്ചുകൂട്ടുന്നതുമാണ്‌. തീര്‍ച്ചയായും അവന്‍ യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.
  • 26. കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.
  • 27. അതിന്നു മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു.
  • 28. നിന്‍റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.
  • 29. അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മാവില്‍ നിന്ന് അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങള്‍ വീഴുവിന്‍.
  • 30. അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു.
  • 31. ഇബ്ലീസ് ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു.
  • 32. അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ് ന്യായം?
  • 33. അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന് ഞാന്‍ പ്രണമിക്കേണ്ടവനല്ല.
  • 34. അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന് പുറത്ത് പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.
  • 35. തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌.
  • 36. അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ.
  • 37. അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.
  • 38. ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ.
  • 39. അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.
  • 40. അവരുടെ കൂട്ടത്തില്‍ നിന്ന് നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.
  • 41. അവന്‍ (അല്ലാഹു) പറഞ്ഞു: എന്നിലേക്ക് നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്‌.
  • 42. തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.
  • 43. തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു.
  • 44. അതിന് ഏഴ് കവാടങ്ങളുണ്ട്‌. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്‌.
  • 45. തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും.
  • 46. നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച് കൊള്ളുക. (എന്ന് അവര്‍ക്ക് സ്വാഗതം ആശംസിക്കപ്പെടും.)
  • 47. അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്‌. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.
  • 48. അവിടെവെച്ച് യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന് അവര്‍ പുറത്താക്കപ്പെടുന്നതുമല്ല.
  • 49. (നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്‍റെ ദാസന്‍മാരെ വിവരമറിയിക്കുക.
  • 50. എന്‍റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക.)
  • 51. ഇബ്രാഹീമിന്‍റെ (അടുത്ത് വന്ന) അതിഥികളെപ്പറ്റി നീ അവരെ വിവരമറിയിക്കുക.
  • 52. അദ്ദേഹത്തിന്‍റെ അടുത്ത് കടന്ന് വന്ന് അവര്‍ സലാം എന്ന് പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു.
  • 53. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു.
  • 54. അദ്ദേഹം പറഞ്ഞു: എനിക്ക് വാര്‍ദ്ധക്യം ബാധിച്ചു കഴിഞ്ഞിട്ടാണോ എനിക്ക് നിങ്ങള്‍ (സന്താനത്തെപറ്റി) സന്തോഷവാര്‍ത്ത അറിയിക്കുന്നത്‌? അപ്പോള്‍ എന്തൊന്നിനെപ്പറ്റിയാണ് നിങ്ങളീ സന്തോഷവാര്‍ത്ത അറിയിക്കുന്നത്‌?
  • 55. അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത് ഒരു യാഥാര്‍ത്ഥ്യത്തെപറ്റിതന്നെയാണ്‌. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്‌.
  • 56. അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.
  • 57. അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: ഹേ; ദൂതന്‍മാരേ, എന്നാല്‍ നിങ്ങളുടെ (മുഖ്യ) വിഷയമെന്താണ്‌?
  • 58. അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടിരിക്കുകയാണ്‌.
  • 59. (എന്നാല്‍) ലൂത്വിന്‍റെ കുടുംബം അതില്‍ നിന്നൊഴിവാണ്‌. തീര്‍ച്ചയായും അവരെ മുഴുവന്‍ ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്‌.
  • 60. അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു.
  • 61. അങ്ങനെ ലൂത്വിന്‍റെ കുടുംബത്തില്‍ ആ ദൂതന്‍മാര്‍ വന്നെത്തിയപ്പോള്‍.
  • 62. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ.
  • 63. അവര്‍ (ആ ദൂതന്‍മാരായ മലക്കുകള്‍) പറഞ്ഞു: അല്ല, ഏതൊരു (ശിക്ഷയുടെ) കാര്യത്തില്‍ അവര്‍ (ജനങ്ങള്‍) സംശയിച്ചിരുന്നുവോ അതും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്‌.
  • 64. യാഥാര്‍ത്ഥ്യവും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്‌. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു.
  • 65. അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട് രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്ത് കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞ് നോക്കരുത്‌. നിങ്ങള്‍ കല്‍പിക്കപ്പെടുന്ന ഭാഗത്തേക്ക് നടന്ന് പോയിക്കൊള്ളുക.
  • 66. ആ കാര്യം, അതായത് പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ് എന്ന കാര്യം നാം അദ്ദേഹത്തിന് (ലൂത്വ് നബിക്ക്‌) ഖണ്ഡിതമായി അറിയിച്ച് കൊടുത്തു.
  • 67. രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് വന്നു.
  • 68. അദ്ദേഹം (ലൂത്വ്‌) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്‍റെ അതിഥികളാണ്‌. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്‌.
  • 69. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക.
  • 70. അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ (ഇടപെടുന്നതില്‍) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ?
  • 71. അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ പെണ്‍മക്കള്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാം.) നിങ്ങള്‍ക്ക് ചെയ്യാം എന്നുണ്ടെങ്കില്‍
  • 72. നിന്‍റെ ജീവിതം തന്നെയാണ സത്യം തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.
  • 73. അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി.
  • 74. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു.
  • 75. നിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
  • 76. തീര്‍ച്ചയായും അത് (ആ രാജ്യം) (ഇന്നും) നിലനിന്ന് വരുന്ന ഒരു പാതയിലാണ് സ്ഥിതി ചെയ്യുന്നത്‌.
  • 77. തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്‌.
  • 78. തീര്‍ച്ചയായും മരക്കൂട്ടത്തില്‍ താമസിച്ചിരുന്ന ജനവിഭാഗം അക്രമികളായിരുന്നു.
  • 79. അതിനാല്‍ നാം അവരുടെ നേരെ ശിക്ഷാനടപടി സ്വീകരിച്ചു. തീര്‍ച്ചയായും ഈ രണ്ട് പ്രദേശവും തുറന്ന പാതയില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്‌.
  • 80. തീര്‍ച്ചയായും ഹിജ്‌റിലെ നിവാസികള്‍ ദൈവദൂതന്‍മാരെ നിഷേധിച്ച് കളയുകയുണ്ടായി.
  • 81. അവര്‍ക്ക് നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും ചെയ്തു. എന്നിട്ട് അവര്‍ അവയെ അവഗണിച്ച് കളയുകയായിരുന്നു.
  • 82. അവര്‍ പര്‍വ്വതങ്ങളില്‍ നിന്ന് (പാറകള്‍) വെട്ടിത്തുരന്ന് വീടുകളുണ്ടാക്കി നിര്‍ഭയരായി കഴിയുകയായിരുന്നു.
  • 83. അങ്ങനെയിരിക്കെ പ്രഭാതവേളയില്‍ ഒരു ഘോരശബ്ദം അവരെ പിടികൂടി.
  • 84. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയിരുന്നതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല.
  • 85. ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ് ചെയ്ത് കൊടുക്കുക.
  • 86. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.
  • 87. ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക് നാം നല്‍കിയിട്ടുണ്ട്‌.
  • 88. അവരില്‍ (അവിശ്വാസികളില്‍) പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖഭോഗങ്ങള്‍ നല്‍കിയിട്ടുള്ളതിന്‍റെ നേര്‍ക്ക് നീ നിന്‍റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്‌. അവരെപ്പറ്റി നീ വ്യസനിക്കേണ്ട. സത്യവിശ്വാസികള്‍ക്ക് നീ നിന്‍റെ ചിറക് താഴ്ത്തികൊടുക്കുക.
  • 89. തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ തന്നെയാണ് എന്ന് പറയുകയും ചെയ്യുക.
  • 90. വിഭജനം നടത്തിക്കളഞ്ഞവരുടെ മേല്‍ നാം ഇറക്കിയത് പോലെത്തന്നെ.
  • 91. അതായത് ഖുര്‍ആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കി മാറ്റിയവരുടെ മേല്‍.
  • 92. എന്നാല്‍ നിന്‍റെ രക്ഷിതാവിനെത്തന്നെയാണ, അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും.
  • 93. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനെ സംബന്ധിച്ച്‌.
  • 94. അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക.
  • 95. പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു.
  • 96. അതായത് അല്ലാഹുവോടൊപ്പം മറ്റുദൈവത്തെ സ്ഥാപിക്കുന്നവര്‍ (പിന്നീട്‌) അവര്‍ അറിഞ്ഞ് കൊള്ളും.
  • 97. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്‌.
  • 98. ആകയാല്‍ നിന്‍റെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് നീ സ്തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.
  • 99. ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്‍റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.
ഷെയർ ചെയ്യുക
logo
logo
logo
logo
logo
  • 1.ഫാതിഹ
  • 2.ബഖറ
  • 3.ആലു ഇംറാന്‍
  • 4.ന്നിസാഅ്‌
  • 5.മാഇദ
  • 6.അന്‍ആം
  • 7.അഅ്‌റാഫ്‌
  • 8.അന്‍ഫാല്‍
  • 9.തൗബ:
  • 10.യൂനുസ്‌
  • 11.ഹൂദ്‌
  • 12.യൂസുഫ്‌
  • 13.റഅ്‌ദ്‌
  • 14.ഇബ്‌റാഹീം.
  • 15.ഹിജ്‌റ്‌
  • 16.നഹ്‌ല്‍
  • 17.ഇസ്‌റാഅ്‌
  • 18.അല്‍ കഹ്ഫ്‌
  • 19.മര്‍യം
  • 20.ത്വാഹാ
  • 21.അന്‍ബിയാ
  • 22.ഹജ്ജ്‌
  • 23.മുഅ്‌മിനൂന്‍
  • 24.നൂര്‍
  • 25.ഫുര്‍ഖാന്‍
  • 26.ശുഅറാ
  • 27.നംല്‌
  • 28.ഖസസ്‌
  • 29.അന്‍കബൂത്‌
  • 30.റൂം
  • 31.ലുഖ്മാന്‍
  • 32.സജദ:
  • 33.അഹ്സാബ്‌
  • 34.സബഅ്‌
  • 35.ഫാത്വിര്‍
  • 36.യാസീന്‍
  • 37.സ്വാഫാത്ത്
  • 38.സ്വാദ്
  • 39.സുമര്‍
  • 40.ഗാഫിര്‍
  • 41.ഫുസ്സിലത്ത്
  • 42.ഷൂറാ
  • 43.സുഖ്റുഫ്
  • 44.ദുഖാന്‍
  • 45.ജാഥിയ
  • 46.അഹ്ഖാഫ്
  • 47.മുഹമ്മദ്
  • 48.ഫത്‌ഹ്‌
  • 49.ഹുജറാത്ത്
  • 50.ഖാഫ്
  • 51.ദ്ദാരിയാത്ത്
  • 52.ത്വൂര്‍
  • 53.സൂറ:ന്നജ്മ്
  • 54.ഖമര്‍
  • 55.റഹ്മാന്‍
  • 56.വാഖിഅ
  • 57.സൂറ:ഹദീദ്
  • 58.മുജാദല
  • 59.ഹഷര്‍
  • 60.മുംതഹിന
  • 61.സ്വഫ്
  • 62.ജുമുഅ
  • 63.മുനാഫിഖൂം
  • 64.തഗാബുന്‍
  • 65.സൂറ:ത്വലാഖ്
  • 66.തഹ് രീം
  • 67.മുല്‍ക്
  • 68.ഖലം
  • 69.ഹാഖ്ഖ
  • 70.മആരിജ്
  • 71.നൂഹ്
  • 72.ജിന്ന്
  • 73.മുസ്സമ്മില്‍
  • 74.മുദ്ദസിര്‍
  • 75.ഖിയാമ
  • 76.ഇന്‍സാന്‍
  • 77.മുര്‍സലാത്
  • 78.നബഹ്
  • 79.നാസിആത്ത്
  • 80.അബസ
  • 81.തക് വീര്‍
  • 82.ഇന്‍ഫിത്വാര്‍
  • 83.മുത്വഫ്ഫിഫീന്‍
  • 84.ഇന്‍ഷിഖാഖ്
  • 85.ബുറൂജ്
  • 86.ത്വാരിഖ്
  • 87.അഹ് ലാ
  • 88.ഗാഷിയ
  • 89.ഫജ് റ്
  • 90.ബലദ്
  • 91.ശംസ്
  • 92.ലൈല്‍
  • 93.ദ്വുഹാ
  • 94.ശര്‍ഹ്
  • 95.ത്തീന്‍
  • 96.അലഖ്
  • 97.ഖദ് റ്
  • 98.ബയ്യിന
  • 99.സല്‍ സല
  • 100.ആദിആത്ത്
  • 101.ഖരിഅ
  • 102.തകാസുര്‍
  • 103.അസ്വര്‍
  • 104.ഹുമസ
  • 105.ഫീല്‍
  • 106.ഖുറൈശ്
  • 107.മാഊന്‍
  • 108.കൌസര്‍
  • 109.കാഫിറൂന്‍
  • 110.നസ്വര്‍
  • 111.മസദ്
  • 112.ഇഖ്’ലാസ്വ്
  • 113.ഫലഖ്
  • 114.ന്നാസ്